03:15am 16 July 2026
NEWS
തിമരോടിയ്‌ക്ക് തിരിച്ചടി ; നാടുകടത്തൽ ഉത്തരവിനെതിരായുള്ള അപ്പീൽ സുപ്രീംകോടതി തള്ളി.
15/07/2026  11:09 AM IST
വിഷ്ണുമംഗലം കുമാർ
തിമരോടിയ്‌ക്ക് തിരിച്ചടി ; നാടുകടത്തൽ ഉത്തരവിനെതിരായുള്ള അപ്പീൽ സുപ്രീംകോടതി തള്ളി

കർണാടകം: ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രപരിസരത്ത്, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ സംസ്ഥാനത്തിനകത്തും പുറത്തും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയാണ് കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി മുഖംമൂടി ധരിച്ചുകൊണ്ട് ആ വെളിപ്പെടുത്തൽ നടത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ആ വെളിപ്പെടുത്തലിനെപ്പറ്റി എസ്‌ ഐ ടി രൂപീകരിച്ച് സംസ്ഥാന ഗവണ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചു. ദിവസങ്ങളോളം കുഴിയെടുത്ത് പരിശോധന നടത്തിയിട്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടുകിട്ടിയില്ല. എസ്‌ഐടി കാഴ്ചപ്പാട് മാറ്റി ചോദ്യം ചെയ്തപ്പോഴാണ് ചിന്നയ്യയുടെ വെളിപ്പെടുത്തൽ ഒരു നാടകമാണെന്നും അയാളുടെ പിന്നിൽ സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി തലവനും ഉജിരെ സ്വദേശിയുമായ  മുതിർന്ന സാമൂഹ്യ പ്രവർത്തകൻ മഹേഷ്‌ ഷെട്ടി തിമരോടിയും സഹായികളുമാണെന്ന് തെളിഞ്ഞത്. ആയിരക്കണക്കിന് ഭക്തജനങ്ങൾ വന്നെത്തുന്ന ധർമ്മസ്ഥല ക്ഷേത്രം മാനേജ്മെന്റുമായി തിമരോടി യ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതിനുള്ള പ്രതികാരമായി ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനായി അയാൾ കണ്ടുപിടിച്ച വിചിത്ര നാടകമായിരുന്നു വെളിപ്പെടുത്തൽ. നാടിനെ കബളിപ്പിച്ച വെളിപ്പെടുത്തൽ നാടകത്തിൽ തിമരോടിയും പ്രതിയാണ്. അതുപോലെ ഈ മേഖലയിലെ മുപ്പത്തഞ്ചോളം കേസ്സിൽ പ്രതിയാണ് അയാൾ. സകല പ്രശ്നങ്ങളിലും കയറി ഇടപെടുന്ന ശല്യക്കാരനായ തിമരോടിയെ ദക്ഷിണ കന്നഡ ജില്ലയിൽ നിന്ന് നാടുകടത്താൻ പുത്തൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ് ഉത്തരവിട്ടു. റെയ്ച്ചുർ ജില്ലയിലെ മാൻവിയിലേക്ക് നാടുകടത്താനാണ് കഴിഞ്ഞ വർഷം സപ്റ്റംബറിൽ സ്റ്റെല്ല വർഗീസ് ഉത്തരവിട്ടത്. തിമരോടി അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. അതേ തുടർന്നാണ് അയാൾ അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ സഞ്ജയ്‌ കുമാർ, സഞ്ജയ്‌ സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ച് അപ്പീൽ തള്ളി. പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉന്നതാധികാരിയെയാണ് സമീപിക്കേണ്ടത് എന്ന് നിർദ്ദേശിച്ച ബെഞ്ച് കോടതിയെ ചൂതാട്ടവേദിയാക്കാണാനുള്ള ശ്രമത്തിനെതിരെ അഭിഭാഷകന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തിമറോടിയുടെ അപ്പീൽ സുപ്രീംകോടതി തള്ളിയതോടെ അസിസ്റ്റന്റ് കമ്മീഷണറുടെ നാടുകടത്തൽ ഉത്തരവിന് നിയമപരമായ വ്യക്തതയും പ്രാധാന്യവും കൈവന്നിരിക്കയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img